ന്യൂയോർക്ക്: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലെ അസോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹിക - സാംസ്കാരിക പ്രവർത്തകനായ അപ്പുക്കുട്ടൻ പിള്ള മത്സരിക്കുന്നു. നിലവിൽ ഫൊക്കാന അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയാണ്.
ഓണാഘോഷത്തിന് 50 വർഷമായി മാവേലിയെ അവതരിപ്പിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച അപ്പുക്കുട്ടൻ ഫൊക്കാനയുടെ പ്രഥമ കണ്‍വന്‍ഷനിലെ സംഘാടകരില്‍ ഒരാളായിരുന്നുവന്നതും ചരിത്രം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് ട്രഷററായും പ്രവർത്തിക്കുന്നു.
പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ് നേതൃത്വം നൽകുന്ന പാനലിലാണ് അപ്പുക്കുട്ടൻ പിള്ള സ്ഥാനാർഥിയാവുന്നത്. ചാരിറ്റി അടക്കം വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിച്ച വലിയ അനുഭവ സമ്പത്തിന്റെ ഉടമയാണ് അപ്പുക്കുട്ടൻ പിള്ള.
മലയാളത്തില്‍ മുല്ലമൊട്ടും മുന്തിരിച്ചാറും, സ്വർണം, കാഞ്ചിപുരത്തെ കല്യാണം എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്. ഗണേഷ് നായരുടെ സംവിധാനത്തിൽ അമേരിക്കയിൽ ചിത്രീകരിച്ച അവർക്കൊപ്പം എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
എൻ.എൻ. പിള്ളയുടെ ഗറില്ലാ എന്ന നാടകം കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോള്‍ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കെഎച്ച്എൻഎയ്ക്കായി മന്നത്ത് പത്മനാഭന്റെ ജീവചരിത്രം നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു.
ഫ്രണ്ട്സ് ഓഫ് കേരള എന്ന പേരിൽ ചെണ്ട ഗ്രൂപ്പുണ്ട്. തൊഴിലിൽനിന്ന് വിരമിച്ചവരെയും കലയിൽ താത്പര്യമുള്ള കുട്ടികളെയും പരിശീലിപ്പിക്കുന്നു.
യുഎസ് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ 32 വർഷം ജോലി ചെയ്ത ശേഷമാണ് വിരമിച്ചത്. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്കിൽ 48 വർഷമായി സജീവമാണ്. അതിന്റെ സ്ഥാപകഅംഗവുമാണ്.
മലയാളി അസോസിയേഷൻ, പയനീർ ക്ലബ്, വേൾഡ് മലയാളി കൗൺസിൽ, നാട്ടിലെ ആറ്റുകാൽ യുവകേസരി ക്ലബ് തുടങ്ങി നിരവധി സംഘടനകളിൽ സജീവമാണ്. ഇതുകൂടാതെ ഇവന്റ് മാനേജ്മെന്റ് നടത്തുന്നുണ്ട്. പ്രതിഭ ആർട്സ് ഓഫ് ന്യൂയോർക്ക് എന്നൊരു ഗ്രൂപ്പുമുണ്ട്.